Sports
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചില്‍ പഞ്ഞിവച്ചാല്‍ കത്തും. കാരണം, ഒന്നു മാത്രം. 2026 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യ ഫൈനലില്‍ കളിക്കുന്നതല്ല, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനല്‍ എന്നതാണ് ആരാധകരുടെ നെഞ്ചില്‍ പെരുമ്പറ മുഴക്കമുണ്ടാക്കുന്നത്.
2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് ആറു വിക്കറ്റിനു പരാജയപ്പെട്ടതിന്റെ വേദന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്നുമുണ്ട്. 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരിനും 839 ദിനങ്ങള്‍ക്കുശേഷം ടീം ഇന്ത്യ അഹമ്മദാബാദില്‍ വീണ്ടുമൊരു ഫൈനല്‍ കളിക്കാനിറങ്ങുന്നു. 2026 ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 17 റണ്‍സിന് നെതര്‍ലന്‍ഡ്സിനെ അഹമ്മദാബാദില്‍വച്ച് കീഴടക്കി. എന്നാല്‍, സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന്റെ തോല്‍വി വഴങ്ങി. ദക്ഷിണാഫ്രിക്കയെ സെമിയില്‍ കീഴടക്കിയാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയിരിക്കുന്നത്.
2023 ഏകദിന ലോകകപ്പ് ഫൈനലിലും ഇത്തവണ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയും ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യന്‍ തോല്‍വിക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ആതിഥേയ ടീം, തുടര്‍ച്ചയായി രണ്ട് തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം തുടങ്ങിയ റിക്കാര്‍ഡുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. മറുവശത്ത് കന്നിക്കിരീടം തേടിയാണ് മിച്ചല്‍ സാന്റ്നര്‍ നയിക്കുന്ന ന്യൂസിലന്‍ഡ് ഇറങ്ങുക.
സഞ്ജു Vs മാറ്റ് ഹെന്റി
സെമി മുതല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ന്യൂസിലന്‍ഡിന്റെ പേസര്‍ മാറ്റ് ഹെന്റിയും തമ്മിലുള്ള പവര്‍ പ്ലേ ഏറ്റുമുട്ടലാണ് ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിന് (97 നോട്ടൗട്ട്) എതിരായ മത്സരം മുതല്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് നട്ടെല്ലായി മാറിയിരിക്കുകയാണ് സഞ്ജു. സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ ഇന്ത്യയെ സഹായിച്ചതും 89 റണ്‍സ് നേടിയ സഞ്ജുതന്നെ.
ലോകകപ്പിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രണ്ടു തവണ മാറ്റ് ഹെന്റിയുടെ പന്തില്‍ സഞ്ജു പുറത്തായി. ഇംഗ്ലണ്ടിന് എതിരായ സെമിയില്‍ ജോഫ്ര ആര്‍ച്ചറിനെ മെരുക്കിയതുപോലെ ഇന്നു മാറ്റ് ഹെന്റിയെയും സഞ്ജു അടിച്ചൊതുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
ബുംറ Vs അലന്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമിയില്‍ 33 പന്തില്‍ സെഞ്ചുറി നേടിയ ഫിന് അലനും ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള ഏറ്റുമുട്ടലും ശ്രദ്ധേയമാകും. അപരാജിതരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 10 ഫോറും എട്ട് സിക്സും അലന്റെ ബാറ്റില്‍നിന്നു പിറന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സെമി ജയത്തില്‍ ബുംറയുടെ ഡെത്ത് ഓവര്‍ ബൗളിംഗ് നിര്‍ണായകമായിരുന്നു.
ഓഫ് സ്പിന്‍ Vs ഇന്ത്യ
ന്യൂസിലന്‍ഡിന്റെ ഓഫ് സ്പിന്നര്‍മാരായ കോള്‍ മക്കോഞ്ചി, ഫിന് അലന് എന്നിവര്‍ ഇന്ത്യയുടെ ഇടംകൈ ബാറ്റര്‍മാരെ എങ്ങനെ നേരിടുമെന്നതും ഫൈനലില്‍ നിര്‍ണായകമാകും. ഇന്ത്യയുടെ ടോപ് എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരും ഇടംകൈയന്മാരാണ്. 2026 ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നിനു മുന്നില്‍ തുടര്‍ച്ചയായി പുറത്തായിരുന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ ഈ ലോകകപ്പില്‍ 27 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ടു. 29 റണ്‍സ് നേടി. മൂന്നു തവണ പുറത്തായി. ഇഷാന് കിഷന് 48 പന്ത് നേരിട്ടു. 65 റണ്‍സ് നേടി. അഞ്ച് തവണ പുറത്തായി. മറ്റൊരു ഇടംകൈ ബാറ്ററായ തിലക് വര്‍മ 44 ഓഫ് സ്പിന്‍ പന്തുകള്‍ നേരിട്ട് നേടിയത് 43 റണ്‍സ് മാത്രം. രണ്ട് തവണ പുറത്താകുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യ രണ്ടു തവണയും സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ തവണയും ഓഫ് സ്പിന്നിനു മുന്നില്‍ പുറത്തായി.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍, രചിന് രവീന്ദ്ര എന്നീ സ്പിന്നര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിക്കാനെത്തും.
Sports
മുംബൈ: 2026 ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ മികച്ച താരത്തിനുള്ള പട്ടികയില്‍ ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജു സാംസണ് മാത്രം.
പ്രാഥമിക റൗണ്ടില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ലാതിരുന്ന സഞ്ജു, വീണുകിട്ടിയ അവസരം മുതലാക്കി സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേയും (97 നോട്ടൗട്ട്) സെമിയില്‍ ഇംഗ്ലണ്ടിനെതിരേയും (89) അര്‍ധസെഞ്ചുറികളോടെ പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരുന്നു.
പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഐസിസി നല്‍കിയിരിക്കുന്നത്.
ഇംഗ്ലീഷ് ഓള് റൗണ്ടര്‍ വില്‍ ജാക്സ്, പാക്കിസ്ഥാന് ഓപ്പണര്‍ സാഹിബ്സാദ ഫര്ഹാന്, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, പേസര്‍ ലുങ്കി എന്‍ഗിഡി, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന് രവീന്ദ്ര, ബാറ്റര്‍ ടിം സീഫേര്‍ട്ട്, അമേരിക്കന്‍ ബൗളര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍. ഐസിസിയുടെ ഔദ്യോഗിക വെബ് സൈറ്റിലൂടെ ഇന്നു രാത്രി പത്ത് വരെ വോട്ട് രേഖപ്പെടുത്താം.
Sports
അഹമ്മദാബാദ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യ പ്രവേശിച്ചെങ്കിലും ഒട്ടും ശരിയാകാത്ത ഒരു പൊസിഷന്‍ ഉണ്ട്. ഓപ്പണിംഗ് ബാറ്റിംഗ് സ്പോട്ട്. ട്വന്റി-20 പുരുഷ ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറുകാരനായ അഭിഷേക് ശര്‍മയ്ക്ക് ഇതുവരെ ഒരു റണ്‍ പോലും നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഇറങ്ങിയ അഭിഷേകിന്റെ സ്കോര്‍ പൂജ്യം.
എന്തുകൊണ്ടും അഭിഷേകിനേക്കാള്‍ മികച്ചത് സഞ്ജു സാംസണ് ആണെന്നും സൂപ്പര്‍ എട്ടില്‍ അഭിഷേകിനു പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നുമുള്ള നിരീക്ഷണങ്ങള്‍ സജീവമായിക്കഴിഞ്ഞു. മിന്നും ഫോമില്‍ ഇഷാന് കിഷന് കളിച്ചതോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ടത്. ഇപ്പോള്‍ അഭിഷേകിന്റെ ദയനീയ ഫോമിലൂടെ തിരികെ പ്ലേയിംഗ് ഇലവനില്‍ എത്താന്‍ സഞ്ജുവിനു സാധിക്കുമോ എന്നു കണ്ടറിയണം.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്. സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി. സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്. പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
Sports
അഹമ്മദാബാദ്: അഭിഷേക് ശർമയ്ക്കു പകരം ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ സഞ്ജു സാംസനെ ഓപ്പണറാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ധൈര്യം കാണിക്കുമോ..? ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി സഞ്ജുവിനെ ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുത്തിയ ബിസിസിഐ തീരുമാനിച്ചാൽ ഇതും സംഭവിക്കും.
ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമനാണ് അഭിഷേക് ശർമ. ആ തലക്കനവുമായി എത്തിയെങ്കിലും ലോകകപ്പ് ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു കളിയിലും പൂജ്യത്തിനു പുറത്തായ നാണക്കേടിന്റെ റിക്കാർഡിലാണ് അഭിഷേക്.
സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോൾ നമീബിയയ്ക്ക് എതിരേയായിരുന്നു സഞ്ജു കളിച്ചത്.
ഈ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി.
സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്.
പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.
Sports
അഹമ്മദാബാദ്: കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ചു. എന്നാല്‍, പ്രതീക്ഷിച്ച ആ സ്റ്റൈല്‍ എത്തിയില്ല. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തെ കുറിച്ച് പൊതുവായുള്ള നിരീക്ഷണമാണിത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്നു രാത്രി ഏഴിന് നെതര്‍ലന്‍ഡ്സിനെ നേരിടും. ഹൈ സ്കോറിംഗ് ഗെയിമില്‍ ഇന്ത്യയുടെ സ്റ്റൈലന്‍ പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഗ്രൂപ്പ് എയില്‍ അമേരിക്കയെ 29 റണ്‍സിനും നമീബിയയെ 93 റണ്‍സിനും പാക്കിസ്ഥാനെ 61 റണ്‍സിനും കീഴടക്കിയ ഇന്ത്യ, സൂപ്പര്‍ എട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. മൂന്നു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക്, നമീബിയയ്ക്കെതിരേ (209/9) മാത്രമാണ് കടക്കാന്‍ സാധിച്ചത്. അമേരിക്കയ്ക്കെതിരേ 161ഉം പാക്കിസ്ഥാനെതിരേ 175ഉം ആയിരുന്നു സ്കോര്‍.
» അഹമ്മദാബാദില്‍
മുംബൈ, ന്യൂഡല്‍ഹി, കൊളംബോ എന്നിവിടങ്ങളിലെ മത്സരങ്ങള്‍ക്കുശേഷം അഹമ്മദാബാദില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീം ഇതിനോടകം 5,551 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. ഈ മൂന്നു വേദികളേക്കാളും റണ്ണൊഴുക്ക് അഹമ്മദാബാദില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ ലോകകപ്പില്‍ അഹമ്മദാബാദില്‍ അരങ്ങേറിയ മൂന്നു മത്സരങ്ങളില്‍ ഒരെണ്ണം 210 കടന്നിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അഹമ്മദാബാദില്‍ പിറക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
» അഭിഷേക് ഫോം
ഇന്ത്യ നിലവില്‍ ഏറ്റവുമധികം പ്രശ്നം നേരിടുന്നത് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമിലാണ്. ഈ ലോകകപ്പില്‍ കളിച്ച രണ്ടു മത്സരങ്ങളിലും അഭിഷേക് ശര്‍മ പൂജ്യത്തിനു പുറത്തായി. ഐസിസി ട്വന്റി-20 ബാറ്റര്‍മാരില്‍ ലോക ഒന്നാം നമ്പറാണ് അഭിഷേക് എന്നതും ശ്രദ്ധേയം. അമേരിക്കയ്ക്ക് എതിരേ ഗോള്‍ഡന്‍ ഡക്കായ അഭിഷേക്, നമീബിയയ്ക്ക് എതിരേ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കളത്തിലെത്തിയില്ല. പാക്കിസ്ഥാനെതിരേ ഇറങ്ങിയപ്പോള്‍ നാല് പന്തില്‍ പൂജ്യത്തിനും പുറത്തായി.
അഭിഷേകിന്റെ കഴിഞ്ഞ രണ്ട് പുറത്താകലും നിരിക്ഷീച്ചു പഠിച്ചാല്‍ നെതര്‍ലന്‍ഡ്സ് ഓപ്പണിംഗ് ബൗളിംഗിനായി ഓഫ് സ്പിന്നര്‍ ആര്യന് ദത്തിനെ പന്ത് ഏല്‍പ്പിക്കാനാണ് സാധ്യത.
» കുൽപീദിനു പകരം അര്‍ഷദീപ്
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റമുണ്ടായേക്കും. പാക്കിസ്ഥാനെതിരായ കൊളംബോ മത്സരത്തില്‍ ഇറങ്ങിയ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ കരയ്ക്കിരുത്തും. പകരം പേസര്‍ അര്‍ഷദീപ് സിംഗിനെ തിരികെ കൊണ്ടുവരും. അതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് പേസര്‍മാര്‍ ഉള്‍പ്പെടും, ജസ്പ്രീത് ബുംറയും അര്‍ഷദീപും. അഹമ്മദാബാദിലെ പിച്ച് സ്പിന്നര്‍മാരേക്കാള്‍ പേസര്‍മാര്‍ക്കു ഗുണം ചെയ്യുമെന്നതിനാലാണ് ഈ നീക്കം. ദക്ഷിണാഫ്രിക്ക നേടിയ 213 റണ്‍സ് ആണ് ഈ ലോകകപ്പില്‍ അഹമ്മദാബാദിലെ ഇതുവരെയുള്ള ഉയര്‍ന്ന ടീം ടോട്ടല്‍.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ ഇതുവരെ നെതര്‍ലന്‍ഡ്സിന് എതിരേ നാല് മത്സരങ്ങള്‍ കളിച്ചു, ഒരു ട്വന്റി-20യും മൂന്ന് ഏകദിനവും. ഈ നാലു മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. 2022 ലോകകപ്പിലായിരുന്നു ട്വന്റി-20യിലെ ഏക ഏറ്റുമുട്ടല്‍. സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 51*) പ്ലെയര്‍ ഓഫ് ദ മാച്ചായ അന്നത്തെ മത്സരത്തില്‍ ഇന്ത്യ 56 റണ്‍സ് ജയം സ്വന്തമാക്കി.
ഐസിസി ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി 16 ജയമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2024 ട്വന്റി-20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞില്ല. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ആയിരുന്നു ഇന്ത്യയുടെ അവസാന തോല്‍വി. ഓസ്ട്രേലിയയുടെ (15) റിക്കാര്‍ഡ് ഇന്ത്യ തിരുത്തി.
Sports
ബംഗളൂരു: ഐപിഎല്‍ 2026 സീസണ് ട്വന്റി-20 ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കാന്‍ ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിനു കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്കി.
ഇന്നലെ നടന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസംതന്നെ സ്റ്റേഡിയത്തില്‍ ഐപിഎല്‍, രാജ്യാന്തര മത്സരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
Sports
വഡോദര: 2026 വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന കളിച്ചത് കടുത്ത പനി വകവയ്ക്കാതെയെന്നു വെളിപ്പെടുത്തല്‍. ടീമിന്റെ മുഖ്യപരിശീലകനായ മലോലന്‍ രംഗരാജനാണ് ഫൈനലിലെ ജയത്തിനുശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
“തന്റെ ഏറ്റവും മികച്ച ഇന്നിംഗ് ഫൈനലിനായി സ്മൃതി കരുതിവച്ചിരിക്കുകയായിരുന്നു. സ്മൃതി ഫൈനല്‍ കളിച്ചത് ശക്തമായ പനി വകവയ്ക്കാതെയാണ്. പനിയുള്ള കാര്യം ആരുമായും വെളിപ്പെടുത്താനും സ്മൃതി തയാറാകില്ല, അത്തരം സ്വഭാവക്കാരിയാണ് അവള്’’ - മലോലന്‍ പറഞ്ഞു.
ഉറ്റസുഹൃത്തായ ജെമീമ റോഡ്രിഗസ് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റിനു കീഴടക്കിയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 2026 ഡബ്ല്യുപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി മുന്നോട്ടുവച്ച 203/4 എന്ന റിക്കാര്‍ഡ് സ്കോര്‍ ആര്‍സിബി പിന്തുടര്ന്നു ജയിച്ചത് സ്മൃതിയുടെ (41 പന്തില്‍ 87) ഇന്നിംഗ്സിലൂടെയായിരുന്നു. ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചും സ്മൃതിയാണ്.
ജോര്‍ജിയ വോളിനൊപ്പം (54 പന്തില്‍ 79) സ്മൃതി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 165 റണ്‍സ് നേടി, വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ഡബ്ല്യുപിഎല്‍ ഫൈനലുകളിലെ ഏറ്റവും ഉയര്‍ന്ന സ്കോറും, ഡബ്യുപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗുമായിരുന്നു വഡോദരയിലേത്.
ഡബ്ല്യുപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രണ്ടാം കിരീടമാണ്. 2024ല്‍ ആയിരുന്നു ആദ്യ കിരീട നേട്ടം. അതേസമയം, ഇതുവരെ അരങ്ങേറിയ നാല് ഡബ്ല്യുപിഎല്ലിന്റെയും ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു സാധിച്ചില്ല.
Sports
വഡോദര: 2026 സീസൺ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് കിരീട പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ എതിരാളി ആരെന്ന് ഇന്നറിയാം.
ഫൈനൽ ടിക്കറ്റിനായുള്ള പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടത്തിൽ ആഷ്ലി ഗാർഡ്നർ നയിക്കുന്ന ഗുജറാത്ത് ജയന്റ്സും ജെമീമ റോഡ്രിഗസിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന ഡൽഹി ക്യാപിറ്റൽസും രാത്രി 7.30ന് ഏറ്റുമുട്ടും. ജയിക്കുന്ന ടീം വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ ആർസിബിയെ നേരിടും.
ഡബ്ല്യുപിഎൽ നാല് സീസണിലും പ്ലേ ഓഫിൽ കടന്ന ഏക ടീമാണ് ഡൽഹി. തുടർച്ചയായ മൂന്നു സീസണിലും ഫൈനലിൽ കാലിടറി. ഇന്നത്തെ മത്സരത്തിൽ ജയിച്ച് നാലാം ഫൈനൽ പ്രവേശനമാണ് ഡൽഹിയുടെ ലക്ഷ്യം. അതേസമയം ഗുജറാത്താകട്ടെ അവരുടെ കന്നി ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണിറങ്ങുന്നത്.
മികച്ച പോരാളികൾ
വനിതാ പ്രീമിയർ ലീഗ് സീസണിൽ ഡൽഹിയും ഗുജറാത്തും മികവോടെ മുന്നേറിയ ടീമുകളാണ്. ഇരു ടീമും രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോൾ ജയം ഗുജറാത്തിനായിരുന്നു. ജനുവരി 11ന് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 209 റണ്‍സ് നേടി. ഡൽഹിയെ 205ൽ പിടിച്ചുകെട്ടി നാല് റണ്‍സ് ജയം നേടി. കൊട്ടന്പി സ്റ്റേഡിയത്തിൽ നടന്ന ഇരുവരും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ മൂന്നു റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം.
ഇരു ടീമും ഓരോ മത്സരം കഴിയുന്പോഴും ശക്തരായി വരുന്ന കാഴ്ചയാണ് ടൂർണമെന്റിൽ കണ്ടത്. ആഷ്ലി ഗാർഡ്നറുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് അവസാന മൂന്ന് മത്സരങ്ങളിലും ജയം നേടി. ഡൽഹി അവസാന നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ചു.
ഗുജറാത്തിന്റെ സോഫി ഡിവൈന്റെ പ്രകടനം നിർണായകമാകും. 36കാരിയായ ന്യൂസിലൻഡ് താരം എട്ട് ഇന്നിംഗ്സുകളിൽനിന്ന് 152.9 സ്ട്രൈക്ക് റേറ്റിൽ 237 റണ്‍സ് ഇതിനകം നേടി. ഒരു മീഡിയം പേസർ എന്ന നിലയിൽ 17 വിക്കറ്റുകളും ഡിവൈൻ വീഴ്ത്തി.
ഡൽഹിയുടെ ഭാരം താങ്ങാൻ നിരവധി പേരുണ്ട്. ചിനെല്ലെ ഹെൻറിയും മാരിസാൻ കാപ്പും തുടക്കത്തിൽ തകർക്കും. നന്ദനി ശർമ സ്കോർ ചലിപ്പിക്കുന്നതിൽ മികവ് പുലർത്തുന്നു. ലിസല്ലെ ലീ, ലോറ വോൾവാർട്ട് എന്നിവരാണ് റണ്‍സ് സ്കോർ ചെയ്യുന്നതിൽ മുന്നിൽ. ഷഫാലി വർമ നിലയുറപ്പിച്ചാൽ റണ്‍സ് ഒഴുകും. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ സീസണിൽ ജെമീമയും നിർണായക പ്രകടനം നടത്തുന്നു.
Sports
വഡോദര: വനിത പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് അജയ്യരായി യാത്ര തുടരുന്നു.
ഗുജറാത്ത് ജയന്റ്സിനെ 61 റണ്‍സിന് പരാജയപ്പെടുത്തി തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തത് തുടരുന്നു. ടൂർണമെന്റിൽ എല്ലാ മത്സരവും ജയിച്ച ഏക ടീമാണ് ബംഗളൂരു. സ്കോർ: ബംഗളൂരു- 20 ഓവറിൽ 178/6. ഗുജറാത്ത്- 20 ഓവറിൽ 117/8.
ആദ്യം ബാറ്റു ചെയ്ത ബംഗളൂരു ഗൗതമി നായ്ക് (73), സ്മൃതി മന്ദാന (26), റിച്ച ഘോഷ് (27) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. മറുപടി ബാറ്റിംഗിൽ ഗുജറാത്തിന് പൊരുതാനായില്ല.
ആഷ്ലി ഗാർഡ്നർ (54) മാത്രമാണ് ചെറുത്തുനിന്നത്. ബംഗളൂരുവിനായി സയാലി സറ്റഘാരെ മൂന്നും നദിനെ ഡി ക്ലർക് രണ്ടും വിക്കറ്റ് നേടിയപ്പോൾ ലോറൻ ബെൽ, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Sports
നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2026 സീസണില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനു ജയം. ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ യുപി വാരിയേഴ്സിനെ 10 റണ്‍സിന് ഗുജറാത്ത് ജയന്റ്സ് തോല്‍പ്പിച്ചു.
ജോര്‍ജിയ വെയര്‍ഹാമിന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയായിരുന്നു ജയന്റ്സ് ജയം സ്വന്തമാക്കിയത്. 10 പന്തില്‍ മൂന്നു സിക്സും ഒരു ഫോറും അടക്കം 27 റണ്‍സുമായി പുറത്താകാതെ നിന്ന ജോര്‍ജിയ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ജോര്‍ജിയയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: ഗുജറാത്ത് ജയന്റ്സ് 20 ഓവറില്‍ 207/4. യുപി വാരിയേഴ്സ് 20 ഓവറില്‍ 197/8.
ക്യാപ്റ്റന്റെ ഇന്നിംഗ്സ്
ടോസ് നേടിയ യുപി വാരിയേഴ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിന്റെ ഓപ്പണര്‍മാരായ ബേത് മൂണിയും (13) സോഫി ഡിവൈനും (20 പന്തില്‍ 38) ചേര്‍ന്ന് 4.2 ഓവറില്‍ 41 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്. അനുഷ്ക ശര്‍മയും (30 പന്തില്‍ 44) ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡനറും (41 പന്തില്‍ 65) ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 103 റണ്‍സ് പിറന്നു. ഏഴ് ഫോറിന്റെ അകമ്പടിയോടെയായിരുന്നു അനുഷ്കയുടെ ഇന്നിംഗ്സ്. മൂന്നു സിക്സും ആറ് ഫോറും ക്യാപ്റ്റന്റെ ബാറ്റില്‍നിന്നു പിറന്നു. ഡെത്ത് ഓവറുകളില്‍ ജോര്‍ജിയ വെയര്‍ഹാമും ഭാരതി ഫുള്‍മാലിയും (7 പന്തില്‍ 14 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണം ഗുജറാത്തിന്റെ സ്കോര്‍ 207ല്‍ എത്തിച്ചു.
ലിച്ഫീല്‍ഡ് ഫിഫ്റ്റി
208 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ യുപി വാരിയേഴ്സിന്റെ ആദ്യവിക്കറ്റ് ആദ്യ ഓവറില്‍ വീണു. എന്നാല്‍, ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും (27 പന്തില്‍ 30) ഫോബെ ലിച്ഫീല്‍ഡും (40 പന്തില്‍ 78) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 70 റണ്‍സ് നേടി ടീമിനു പ്രതീക്ഷ നല്കി. അഞ്ച് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ലിച്ഫീല്‍ഡിന്റെ ഇന്നിംഗ്സ്. ഹര്‍ലീന്‍ ഡിയോള്‍ (0), ദീപ്തി ശര്‍മ (1), ശ്വേത ഷെറാവത് (25), ഡിന്ഡ്ര ഡോട്ടിന് (12), സോഫി എക്ലെസ്റ്റോണ്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. മലയാളി താരം ആശ ശോഭനയുടെ (10 പന്തില്‍ 27 നോട്ടൗട്ട്) തകര്ത്തടിയിലൂടെ യുപി തോല്‍വിഭാരം 10 ആക്കി ചുരുക്കി. രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ആശയുടെ ഇന്നിംഗ്സ്.
Sports
നവി മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2026 സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനു ജയം.
കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഡൽഹി ക്യാപ്പിറ്റൽസിനെ നിലവിലെ ചാന്പ്യന്മാരായ മുംബൈ 50 റണ്‍സിന് തോൽപ്പിച്ചു.
സ്കോർ: മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 195/4. ഡൽഹി ക്യാപ്പിറ്റൽസ് 19 ഓവറിൽ 145. ആദ്യ മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു.
നാറ്റ് ഷിവർ ബ്രന്റും (46 പന്തിൽ 70) ഹർമൻപ്രീത് കൗറും (42 പന്തിൽ 74 നോട്ടൗട്ട്) ചേർന്നാണ് മുംബൈയെ മികച്ച സ്കോറിൽ എത്തിച്ചത്. ഷിനെല്ലെയാണ് (33 പന്തിൽ 56) ഡൽഹിയുടെ ടോപ് സ്കോറർ. ഹർമൻപ്രീത് കൗറാണ് പ്ലെയർ ഓഫ് ദ മാച്ച്.